
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ നിലനിൽക്കുന്നുവെന്ന് പിഎംഎൽഎ കോടതി നിരീക്ഷിച്ചു. എംഎൽഎ എ.സി. മൊയ്തീൻ, എംപി കെ. രാധാകൃഷ്ണൻ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരുൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
കേസിലെ പ്രതിപ്പട്ടികയിലുള്ള 28 പേർക്കാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. സിപിഎം നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കമുള്ളവർ അടുത്ത മാസം നാലിന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയായ മുൻ ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽകുമാറിന്റെയും മൂന്നാം പ്രതിയുടെയും ഭാര്യമാരായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പുകളിലൊന്നായി കരുവന്നൂർ കേസ് കണക്കാക്കപ്പെടുന്നു. പരാതിയെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ പുറത്തുവന്നത്. തുടക്കത്തിൽ 108 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടത്തിൽ ബാങ്ക് സെക്രട്ടറിയുൾപ്പെടെ ആറുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്.
മുൻ ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, ബിജു കരീമിന്റെ ഭാര്യ, മുൻ ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രധാന പ്രതികൾ.










